കല്ലെറിയരുത്... കലങ്ങിയ ജീവിതത്തെ
ആര്‍ സാംബന്‍
Posted on: 02-Jul-2011
http://www.deshabhimani.com/newscontent.php?id=30207
വിട്ടുമാറാത്ത പനിയായിരുന്നു ആ ലോറിഡ്രൈവര്‍ക്ക്. 32-ാംവയസ്സില്‍ കടുത്ത ന്യൂമോണിയ ബാധിച്ച് അയാള്‍ മരിച്ചു. ഇത്ര ചെറുപ്പത്തിലേ ഭര്‍ത്താവ് മരിച്ചത് അനിതയുടെ പരിചരണക്കുറവുകൊണ്ടാണെന്ന് വീട്ടുകാര്‍ കുറ്റപ്പെടുത്തി. സഹിക്കവയ്യാതെയാണ് അവള്‍ ഭര്‍ത്താവിന്റെ അകാല വേര്‍പാടിന്റെ കാരണം, ഒരു അപഥസഞ്ചാരത്തിന്റെ നീറുന്ന കഥ വീട്ടുകാരോട് പറഞ്ഞത്. താനും എയ്ഡ്സ് എന്ന രോഗത്തിന്റെ വാഹകയാണെന്ന സത്യവും തുറന്നുപറയേണ്ടി വന്നു. അതോടെ അച്ഛനും അമ്മയും ഒഴികെയുള്ള ബന്ധുക്കളെല്ലാം സ്ഥലംവിട്ടു. ഏക സഹോദരന്‍വരെ വീടുവിട്ടിറങ്ങി.
നാടിന്റെയും വീടിന്റെയും ഒറ്റപ്പെടുത്തല്‍ രൂക്ഷമായതോടെ അനിത രണ്ടുതവണ ആത്മഹത്യക്കൊരുങ്ങി. എന്നാല്‍ , രണ്ടരവയസ്സുകാരിയായ മകള്‍ എച്ച്ഐവി നെഗറ്റീവാണെന്ന് അറിഞ്ഞത് ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ അവരെ പ്രേരിപ്പിച്ചു. അതോടൊപ്പം തന്റെ ഉള്ളില്‍ വളരുന്ന കുഞ്ഞിനെക്കുറിച്ചോര്‍ത്തും അവള്‍ നടുക്കംകൊണ്ടു. തന്നെ പരിശോധിക്കുന്ന ഗൈനക്കോളജിസ്റ്റിനോട് താന്‍ അണുവാഹകയാണെന്ന വിവരം പറഞ്ഞു. എന്നാല്‍, പ്രസവം അവിടെ നടത്താനാകില്ലെന്നാണ് ഡോക്ടര്‍ മുഖത്തുനോക്കി പറഞ്ഞത്. ഒമ്പതാംമാസം വീടിനടുത്തുള്ള ആശുപത്രിയിലെത്തി. എച്ച്ഐവി പോസിറ്റീവാണെന്ന കാര്യം മറച്ചുവച്ചു. എച്ച്ഐവി പരിശോധനയും ഡോക്ടര്‍ നിര്‍ദേശിച്ചു. എന്നാല്‍ , ടെസ്റ്റ് നടക്കുന്നതിനുമുമ്പേ പ്രസവവും നടന്നു. രണ്ടാമത്തെ മകളും എച്ച്ഐവി നെഗറ്റീവ് എന്നറിഞ്ഞതോടെ, മക്കള്‍ക്കുവേണ്ടി ജീവിച്ചേപറ്റൂ എന്ന നിര്‍ബന്ധബുദ്ധിയായി അനിതയ്ക്ക്. വെല്ലുവിളിയായി ജീവിതത്തെ കണ്ടു. എച്ച്ഐവി ബാധിതരുടെ ക്ഷേമത്തിനുവേണ്ടി പ്രവര്‍ത്തിക്കാനും തീരുമാനിച്ചു. ഇന്നും സുധീരമായി അനിത ജീവിക്കുന്നു.
തളിര്‍ക്കുന്ന രണ്ടു കുഞ്ഞുറോസാപ്പൂക്കളെ ചേര്‍ത്തുപിടിച്ച്... മൂന്നു ദശാബ്ദം നീണ്ട പോരാട്ടത്തിനൊടുവില്‍ എയ്ഡ്സ് വ്യാപനം കുറഞ്ഞുവെന്നാണ് അന്തര്‍ദേശീയ ഏജന്‍സിയായ എച്ച്ഐവി പ്രിവെന്‍ഷന്‍ ട്രയല്‍സ് നെറ്റ്വര്‍ക്ക് അവകാശപ്പെടുന്നത്. എന്നാല്‍ , നമ്മുടെ കേരളത്തിലോ? ദേശീയ എയ്ഡ്സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ 2010 ഡിസംബര്‍ ഒന്നിന്റെ കണക്കുപ്രകാരം കേരളത്തില്‍ എച്ച്ഐവി പോസിറ്റീവുകാരുടെ എണ്ണം 40,060. ഇന്ത്യയൊട്ടാകെ 24 ലക്ഷം എച്ച്ഐവി ബാധിതരുണ്ടെന്നും അവര്‍ പറയുന്നു. ഇതില്‍ , 15 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ മൂന്നരശതമാനം വരും. ബംഗാള്‍ , ഗുജറാത്ത്, ബിഹാര്‍ , ഉത്തര്‍പ്രദേശ് എന്നിവ ഒരുലക്ഷത്തിലേറെ എച്ച്ഐവിക്കാരുള്ള സംസ്ഥാനങ്ങളാണ്. പഞ്ചാബ്, ഒറീസ, രാജസ്ഥാന്‍ , മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ അമ്പതിനായിരത്തിനും ഒരു ലക്ഷത്തിനും ഇടയിലാണ് എച്ച്ഐവി ബാധിതര്‍ .
കേരള എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെ കീഴിലുള്ള സമഗ്ര എആര്‍ടി ചികിത്സ (ആന്റി റിട്രോവൈറല്‍ ട്രീറ്റ്മെന്റ്) കേന്ദ്രമായ "ഉഷസ്സി"ല്‍ കഴിഞ്ഞ ഏപ്രില്‍ 30 വരെ രജിസ്റ്റര്‍ചെയ്ത എച്ച്ഐവി ബാധിതരുടെ എണ്ണം 14,517 മാത്രമാണ്. ഇതില്‍ 5529 പേര്‍ എയ്ഡ്്സ് ചികിത്സ ആരംഭിച്ചു. ഓര്‍ഗനൈസേഷന്റെ സാമ്പിള്‍ സര്‍വേപ്രകാരം തയ്യാറാക്കിയ എയ്ഡ്സ് രോഗികളുടെ എണ്ണവും "ഉഷസ്സി"ലെ ഔദ്യോഗികകണക്കും തമ്മില്‍ വമ്പന്‍ വ്യത്യാസമാണ് കാണുന്നത്. ഇതില്‍നിന്നുതന്നെ എയ്ഡ്സ് സംബന്ധിച്ച കണക്കിലെ കളി വ്യക്തമാകും. രോഗത്തെക്കുറിച്ചുള്ള ഭയങ്ങളും ഉല്‍ക്കണ്ഠയുംമൂലമാണ് യാഥാര്‍ഥ്യത്തില്‍നിന്നുള്ള ഈ ഒളിച്ചോട്ടം. എച്ച്ഐവി പോസിറ്റീവുകാര്‍ ആദ്യകാലങ്ങളില്‍ നേരിടേണ്ടി വന്നിട്ടുള്ള ക്രൂരതകളുടെ കഥകളാകാം ഇതിന് കാരണം. അതേപ്പറ്റി നാളെ.
http://www.deshabhimani.com/newscontent.php?id=30207
No comments:
Post a Comment